ഭൂമിയില്‍ തന്നെക്കാൾ മികച്ച കലാകാരി മറ്റൊരാളില്ലെന്ന വാദവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. മറ്റേതെങ്കിലും നടി തന്നേക്കാള്‍ കഴിവുള്ള വ്യക്തിയാണെന്ന് തെളിയിച്ചാല്‍ ഇപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്ന ധാര്‍ഷ്ട്യം അവസാനിപ്പിക്കാമെന്നും കങ്കണ ട്വിറ്ററില്‍ കുറിച്ചു.
കങ്കണയുടെ ഏറ്റവും പുതിയ ചിത്രങ്ങളായ ‘തലൈവി’യിലേയും, ‘ധക്കടിലേയും’ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരത്തിന്റെ ഈ വെല്ലുവിളി. ഇക്കാര്യത്തില്‍ തുറന്നൊരു ചര്‍ച്ചക്കും തയ്യാറാണെന്ന് കങ്കണ ട്വീറ്റ് ചെയ്തിട്ടുണ്ട്.
‘എന്നേക്കാളും മികച്ചൊരു കലാകാരി ഈ ഭൂമിയില്‍ വേറെയുണ്ടെങ്കില്‍ ഞാന്‍ എന്റെ ധാര്‍ഷ്ട്യം നിര്‍ത്താം. ഇതിനെ കുറിച്ചൊരു തുറന്ന ചര്‍ച്ചക്ക് ഞാന്‍ തയ്യാറാണ്. മറ്റൊരാളെ കണ്ടെത്തുന്നത് വരെ എന്റെ അഹങ്കാരത്തില്‍ ഞാന്‍ മുന്നോട്ട് പോകും.’ കങ്കണ ട്വീറ്റിൽ
പറയുന്നു.
അതേസമയം വരാനിരിക്കുന്ന കങ്കണയുടെ തലൈവി എന്ന ചിത്രത്തില്‍ കങ്കണ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ആണ് അവതരിപ്പിക്കുന്നത്. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ് . ജയലളിതയായുള്ള കങ്കണയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചാരം നേടിയിരുന്നു. 2020 ജൂണ്‍ 26 നാണ് ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നതെങ്കിലും കൊവിഡ് മൂലം റിലീസ് തിയതി മാറ്റിവയ്ക്കുകയായിരുന്നു. ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. ‘തലൈവി’ക്ക് പിന്നാലെ കങ്കണ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായെത്തുന്ന മറ്റൊരു പൊളിറ്റിക്കല്‍ ഡ്രാമ ചിത്രവും ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ഒരു ജീവചരിത്രമല്ല. കങ്കണയ്ക്ക് പുറമെ ചിത്രത്തില്‍ നിരവധി പ്രമുഖ നടന്മാരും ചിത്രത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ധക്കട് എന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് കങ്കണ. അതിന് പുറമെ തേജസ് എന്ന ചിത്രത്തിലും കങ്കണ അഭിനയിക്കുന്നുണ്ട്.